ഓരോ മനുഷ്യ ജീവിതവും ഓരോ നിമിഷവും ലഹരിയുടെ നീരാളി പിടിത്തത്തിലേക്ക് കൂടുതൽ മുറുകി കൊണ്ടിരിക്കുകയാണ്. ഒരു വീട്ടിൽ ഒരു കല്യാണം നടന്നാലും, മരണം നടന്നാലും, നൂലുകെട്ട്, അടിയന്തരം തുടങ്ങി എന്ത് തന്നെ നടന്നാലും മദ്യം എന്ന മാരകമായ ലഹരിയെ കൂട്ട് പിടിക്കുന്നവരാണ് കൂടുതലും, സ്ഥല കാല ബോധം മറന്നു, വന്നത് എന്തിനാണ് എന്ന് പോലും മറന്നു ബാറുകളും, കള്ള് ഷാപ്പും തേടി പോകുന്ന മനുഷ്യൻ, തന്റെ ജീവിതം ലഹരിക്ക് അടിമപെടുത്തി ജീവിക്കുന്നു.. എന്തൊരു വിരോധാഭാസം ആണ് എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.
ഒരു സ്ഥലത്തു ഒരു കല്യാണം നടക്കുന്നു, താലികെട്ട്, സദ്യ നടക്കുന്നു, മനുഷ്യൻ ബാറുകൾ തേടി,മദ്യം തേടി പോകുന്നു.. എല്ലാം കഴിഞ്ഞു കാറ്ററിംഗ് കാർ പോലും പോയി കുടിച്ചു മദോന്മാത്തരായി ഭക്ഷണം കഴിക്കാൻ വരുന്ന മദ്യപന്മാർ… ചിലപ്പോൾ ഒക്കെ അത്തരം ആളുകളുടെ കൂടെ പച്ചയായി നിൽക്കേണ്ടിയും, ഇരിക്കേണ്ടിയും വരുന്ന എന്നെപ്പോലുള്ള ഹത ഭാഗ്യന്മാരുടെ ഗതികേട്… ശോകം ആണ്…
ഇനി യുവ തലമുറ ആണെങ്കിൽ മയക്കമരുന്നിന്റെ വ്യത്യസ്ത വേർഷനിൽ പെട്ട് ജീവിതം വളരെ ക്രൂരമായി നശിപ്പിച്ചുകൊണ്ടിരിക്കുന്നു.അവിടെ അമ്മയെന്നോ, അച്ഛൻ എന്നോ, കൂട്ടുകാരൻ, കൂട്ടുകാരി, സഹോദരി സഹോദരൻ എന്നോ, ഭാര്യ ഭർത്താവ് എന്നോ, പ്രണയിനികൾ എന്നോ ഇല്ലാതെ ക്രൂരമായ പൈശാചികമായ അവസ്ഥാന്തരങ്ങളിലൂടെ കടന്ന് പോയികൊണ്ടിരിക്കുന്നു.
ഞങ്ങളുടെ നാട്ടിൽ ഉള്ള പീതാംമ്പരേട്ടൻ എപ്പോഴും പറയും ഈ നാട് ഒക്കെ നശിച്ചു പോയെടോ എന്ന്.. സത്യമാണ് നമ്മുടെ നാട് ലഹരിയുടെ ചതിക്കുഴിയിൽ പെട്ട്, അടിമത്വത്തിൽ പെട്ട് നശിച്ചു കൊണ്ടേയിരിക്കുന്നു..
മാറ്റം അനിവാര്യമാണ്.. മോചനം അത്യന്താപേക്ഷികമാണ്.. ഇല്ലെങ്കിൽ നമുക്ക് നഷ്ടപെടുന്നത് നമ്മെ തന്നെയാണ്…
പോരാട്ടം തുടരും… ലഹരിക്കെതിരെ.. മരണം വരെ….കല എന്ന സമരായുധത്തിലൂടെ
ഒരേ ഒരു ലഹരി ഉള്ളു… കല എന്ന ലഹരി..